Friday, February 19, 2010

ഒരു പക്ഷെ അവള്‍ പറഞ്ഞേക്കാം...

വായിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍
എന്നെ പിടിച്ചുലച്ച ഒരു പുസ്തകക്കുരുന്ന്‍...
ഓരോ താളിലും പുതുമഴയുടെ ഗന്ധം തുളുമ്പി,
ഇടവപ്പാതിയുടെ ശൌര്യവും തുലാമഴയുടെ കുളിരും
വശ്യതയും ചാരുതയുമൊക്കെയായി
പെയ്തിറങ്ങിയ കവിതക്കുറുമ്പ്!

കാലത്തിന്റെ ജാലകപ്പാളികള്‍ ആരോ നമുക്ക് മുന്നില്‍
വലിച്ചടച്ചു... എന്നിട്ടും
ചാരത്തില്‍ നിന്നുയരുന്ന പക്ഷിയെ പോലെ
നമ്മുടെ സ്നേഹം, സൗഹൃദം ജ്വലിച്ചു വന്നു.

മഴമണക്കുന്ന വൈകുന്നേരങ്ങളില്‍
മനസ്സില്‍ നീ മേഘമാവുന്നു
നെഞ്ചിനുള്ളില്‍ കനലെരിയുമ്പോള്‍
നീ പെയ്തിറങ്ങുന്നു.
വഴിയോരത്തിരുള്‍ പടരുമ്പോള്‍ നീ
മെഴുകുതിരിയാവുന്നു
വിഹ്വലതകള്‍ ചീഞ്ഞു തുടങ്ങുമ്പോള്‍
ഉള്ളില്‍ നീ വിരിഞ്ഞു സുഗന്ധമായ്‌ പടരുന്നു.

മറ്റാര്കും കാണാനാവാത്ത ഒരു മയില്പ്പീലിക്കുരുന്നായി
എന്റെ മനസ്സിനെറെ മടക്കുകളില്‍ ഒന്നില്‍ നീ ഒളിച്ചിരിക്കുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം ഞാനാ താളൊന്നു മറിച്ചു നോക്കിയാല്‍,
വ്രതം നോറ്റ് ഈറനിറ്റുന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി
നിറമിഴിയോടെ വടക്കുംനാഥനെ തൊഴുതു നില്‍ക്കുന്ന
ശാലീനതയുടെ വിശുധിയുണ്ടാവും
നിന്റെ ഓര്‍മകള്‍ക്ക്
പറയട്ടേ, നിന്നിലൂടെ ഞാന്‍ പരിശുധയാവുന്നു!!!