Sunday, July 25, 2010

ഊര്‍മ്മിള

തനിച്ചിരിക്കുന്ന ഓരോ നിമിഷവും
ഒരു തുള്ളി കണ്ണുനീരോഴുക്കാതെ
പ്രാര്‍ഥനയോടെയിരുന്നത് നിന്റെ രക്ഷക്കായാണ്
എന്റെ കണ്ണീര്‍ക്കണങ്ങള്‍ ഭൂമി തൊടുമ്പോള്‍
നിനക്ക് മേല്‍ ശാപം നിഴല്‍ വിരിക്കാതിരിക്കാന്‍.

കരയാതെ, പറയാതെ കൂട്ടി വച്ചത് ഒരു കടലായിരുന്നു
ഒരുനാള്‍ നീയരികെ വരുമ്പോള്‍
ആര്‍ത്തലച്ചു പെയ്യാന്‍ കാത്തിരുന്ന മഴയായിരുന്നു.

മുന്‍പേ നടന്ന നിന്റെ പാദങ്ങളെ ഞെരിച്ച ഓരോ
കല്ലും മുള്ളും ചതച്ചരച്ചത് എന്റെ ഹൃദയതെയാണ്
പതിനാലു സംവത്സരം ഞാന്‍ മറക്കാന്‍ ശ്രമിച്ചത്‌ എന്നെയായിരുന്നു
ഓരോ നിമിഷവും ഓര്‍ത്തോര്തിരുന്നത് നിന്റെ കടമകളെ യായിരുന്നു
നിന്നോടൊപ്പം അവരെയും ഞാന്‍ സ്നേഹിച്ചു പോയല്ലോ!!!

നാട് പൂത്തുലഞ്ഞ ആ നാളില്‍ നീ ചിറകാര്‍ന്ന രഥമേറിവന്നു
മിടിക്കുന്ന ഹൃദയത്തില്‍ കനലും കടലുമോളിപ്പിച്ചു
ഞാന്‍ ഓടിവന്നു... പക്ഷെ നിന്റെ മനസ്സിലും
ഈ ചിത്രത്തിലും ഞാനെവിടെയാണ്???

കാലമറിയാതെ, ആരുമറിയാതെ ഞാനൊളിപ്പിച്ച
കണ്ണുനീര്‍ പെയ്യാതിരിക്കട്ടെ.
അന്നും ഇന്നും ഇനിയെന്നും നിനക്ക്
നിഴലായി എന്റെ പ്രാര്‍ത്ഥനകള്‍ ചരിക്കട്ടെ...