Wednesday, March 24, 2010

ഹാപ്പി എന്ടിങ്ങ്സ്

ഓരോ പെണ്‍കുട്ടിയും അടിമയാവാന്‍ കൊതിക്കുന്നു
അഗോചരമായ ഒരു ചങ്ങല കൊണ്ട്
ബന്ധിതയാവാന്‍ മോഹിക്കുന്നു-
സ്നേഹത്തിന്റെ, പ്രണയത്തിന്റെ ചങ്ങല കൊണ്ട്!

തിരഞ്ഞെടുക്കപ്പെടുന്നവനെ അവള്‍ ആരാധിച്ചു തുടങ്ങുന്നു
അവന്റെ ത്യാഗത്തെ, സ്തൈര്യത്തെ, കുസൃതിയെ
ക്രിസ്തുവിനോടും നബിയോടും കൃഷ്ണനോടും ഉപമിച്ചു തുടങ്ങുന്നു.
ജീവിതത്തിനു മയില്‍‌പീലി ചാലിച്ച് നിറം കൊടുക്കുന്നു
താനേറ്റവും ഭാഗ്യം ചെയ്തവളെന്നു വിളിച്ചു പറയുന്നു.

ഒരു പരിക്രമണത്തിനൊടുവില്‍ ജീവിതം അലക്കി വെളുക്കുമ്പോള്‍
തിരിച്ചരിയലുകള്‍ തുടങ്ങുകയായി
കറുപ്പും വെളുപ്പും കലര്‍ന്ന കള്ളികളില്‍
കുറ്റങ്ങള്‍ നിരത്തി കളി തുടങ്ങുന്നു
ഒന്നുങ്കില്‍
തോറ്റു തോറ്റു തോറ്റു ഒടുവില്‍ അവള്‍ കളി ജയിക്കുന്നു
അല്ലെങ്കില്‍
ജയിച്ചു ജയിച്ചു ഒടുവില്‍ തോറ്റു തൊപ്പിയിടുന്നു
ഇനിയതുമല്ലെങ്കില്‍
മറ്റുള്ളവര്‍ അവളെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നു.

Sunday, March 7, 2010

ഉറക്കെ ഒരു ആത്മഗതം

ഭയമാണ്, ഉള്ളിലാകെ വിങ്ങി നില്‍ക്കുന്ന ഉത്കണ്ഠയാണ്,
തിരികെ വരാന്‍ കൊതിയാണ്,
പക്ഷെ ഞാനറിയുന്നു ഒന്നും പഴയതുപോലെയല്ലെന്ന്.

പച്ചപ്പായലും മുക്കൂറ്റിപ്പൂക്കളും തിങ്ങിയ
കയ്യാലകള്‍ ഇടിഞ്ഞുപോയിരിക്കുന്നു
ആ ചെരുവുകളില്‍ നിന്നും പിഴുതെടുത്ത
കുട്ടിവാളുകല്‍ കൊണ്ടുള്ള പടവെട്ടല്‍
വെറുതെ ഓര്‍മയാകുന്നു.

റബര്‍മരക്കൂട്ടങ്ങല്‍ക്കിടയിലെ കൊച്ചു കരിമ്പാറകളെ
ആനക്കുട്ടന്മാരാക്കി തെളിച്ചു രസിച്ചതും
മൂട്ടില്‍ തൊലിയുള്ള സ്ളേട്ട് പെന്‍സിലിനായി
വാശിവച്ചു കരഞ്ഞതും
കസേരക്കാലിനടിയില്‍ റബര്‍ക്കുരു വച്ച് പടക്കം പൊട്ടിച്ചതും
പേരക്കൊമ്പില്‍ നിന്ന് താഴേക്കു ചാടിയപ്പോള്‍
ഉടുപ്പ്‌ കുരുങ്ങി ഗരുഡന്‍ തൂക്കം നടത്തിയതുമൊക്കെ
പച്ചപിടിച്ചു നില്‍ക്കുന്നു-
ഒട്ടനേകം വീഴ്ചകളില്‍ മുട്ടു മുറിഞ്ഞോലിച്ച
ചോരയുടെ മണത്തോടെ ...

വേലിക്കെട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങല്‍ക്കിടയിലേക്ക്
പവര്‍ കട്ട് കനിഞ്ഞേകിയ ഇരുളിന്റെ മറവില്‍
നീ സൂക്ഷ്മതയോടെ എറിഞ്ഞു തന്ന കുപ്പിവളകള്‍
ഒരിക്കല്‍ പോലും ഉടഞ്ഞിരുന്നില്ല
പക്ഷെ എന്റെ സ്വപ്നങ്ങളും ജീവിതം തന്നെയും
എണ്ണിയാലൊടുങ്ങാത്ത തരികളായി ചിന്നിച്ചിതറിപ്പോയല്ലോ
ഇന്ന് ഞാന്‍ തിരികെ വരുമ്പോള്‍ നിന്റെ കുഞ്ഞിനു
പറഞ്ഞു കൊടുക്കാന്‍ കഥകളൊന്നും ബാക്കിയില്ല
കാരണം ആ റബര്‍ മരക്കൂട്ടങ്ങള്‍ പോലും മുറിച്ചു മാറ്റപ്പെട്ടല്ലോ...

ബാക്കിയുള്ളത് ഓര്‍മകളാണ്
മഷിത്തന്ടിന്റെയും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും
ഇലമുളച്ചിയുടെയും ചോരതുള്ളികളുടെയും
നിറവും ഗന്ധവും കലര്‍ന്ന,
കരിയിലപ്പുറത്തു മഴ പതിച്ചു നല്‍കിയ
ശ്രവണസുഖത്തിന്റെയും
അമ്പാറ്റ സ്നേഹത്തോടെ വിളമ്പിതന്ന
കപ്പയുടെയും മുളക് ചമ്മന്തിയുടെയും രുചിയുള്ള
ഓര്‍മ്മകള്‍- അത് കചിക്കൂനകളിലെ
സാറ്റ്കളികളെ തുടരുന്ന ചൊറിചിലുകളായി മനസ്സില്‍
തിണിര്‍ത് നീറി ക്കിടക്കുന്നു.

എനിക്ക് ഭയമാണ്-
മിച്ചമുള്ള എന്നെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന്
അനുവാദം വാങ്ങാനാണ് ഞാന്‍ വരുന്നത്
ഓര്‍മകളില്‍ ജീവിച്ചു ഓര്‍മകളില്‍ മരിക്കുവാന്‍...

Saturday, March 6, 2010

വിശന്നപ്പോള്‍ എന്റെ ജീവന്‍ ഞാന്‍ നിനക്ക് തന്നു
അപ്പം പുളിച്ചതെന്നു പറഞ്ഞു പാതി നീ ചവച്ചു തുപ്പി.
നിനക്ക് ദാഹിച്ചപ്പോള്‍ എന്റെ ജീവരക്തം പകര്‍ന്നു തന്നു
ചില്ലുപാത്രത്തിനു മങ്ങല്‍ വന്നത് തിരിച്ചറിഞ്ഞ നാള്‍
നീയത് നിഷ്കരുണം എറിഞ്ഞുടച്ചു
പ്രിയനേ....
അപ്പോഴും ബാകിയായിരുന്ന മുന്തിരിച്ചാര്‍ നീ കണ്ടതേയില്ലല്ലോ.

Friday, February 19, 2010

ഒരു പക്ഷെ അവള്‍ പറഞ്ഞേക്കാം...

വായിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍
എന്നെ പിടിച്ചുലച്ച ഒരു പുസ്തകക്കുരുന്ന്‍...
ഓരോ താളിലും പുതുമഴയുടെ ഗന്ധം തുളുമ്പി,
ഇടവപ്പാതിയുടെ ശൌര്യവും തുലാമഴയുടെ കുളിരും
വശ്യതയും ചാരുതയുമൊക്കെയായി
പെയ്തിറങ്ങിയ കവിതക്കുറുമ്പ്!

കാലത്തിന്റെ ജാലകപ്പാളികള്‍ ആരോ നമുക്ക് മുന്നില്‍
വലിച്ചടച്ചു... എന്നിട്ടും
ചാരത്തില്‍ നിന്നുയരുന്ന പക്ഷിയെ പോലെ
നമ്മുടെ സ്നേഹം, സൗഹൃദം ജ്വലിച്ചു വന്നു.

മഴമണക്കുന്ന വൈകുന്നേരങ്ങളില്‍
മനസ്സില്‍ നീ മേഘമാവുന്നു
നെഞ്ചിനുള്ളില്‍ കനലെരിയുമ്പോള്‍
നീ പെയ്തിറങ്ങുന്നു.
വഴിയോരത്തിരുള്‍ പടരുമ്പോള്‍ നീ
മെഴുകുതിരിയാവുന്നു
വിഹ്വലതകള്‍ ചീഞ്ഞു തുടങ്ങുമ്പോള്‍
ഉള്ളില്‍ നീ വിരിഞ്ഞു സുഗന്ധമായ്‌ പടരുന്നു.

മറ്റാര്കും കാണാനാവാത്ത ഒരു മയില്പ്പീലിക്കുരുന്നായി
എന്റെ മനസ്സിനെറെ മടക്കുകളില്‍ ഒന്നില്‍ നീ ഒളിച്ചിരിക്കുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം ഞാനാ താളൊന്നു മറിച്ചു നോക്കിയാല്‍,
വ്രതം നോറ്റ് ഈറനിറ്റുന്ന മുടിയില്‍ തുളസിക്കതിര്‍ ചൂടി
നിറമിഴിയോടെ വടക്കുംനാഥനെ തൊഴുതു നില്‍ക്കുന്ന
ശാലീനതയുടെ വിശുധിയുണ്ടാവും
നിന്റെ ഓര്‍മകള്‍ക്ക്
പറയട്ടേ, നിന്നിലൂടെ ഞാന്‍ പരിശുധയാവുന്നു!!!

Saturday, January 30, 2010

ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാന്‍ നീ വിളിച്ചു
കേട്ടപാതി ഞാന്‍ ഓടി വന്നു
മുന്തിരിവള്ളികള്‍ പൂത്തോഎന്നും മാതള നാരകം തളിര്തോയെന്നും
നോക്കാന്‍ നീ എന്നെ തോട്ടത്തിലേക്ക് കൊണ്ടുപോയി.
പോകും മുന്‍പേ നീ ഒരു വാഗ്ദാനം തന്നെന്നെ കൊതിപ്പിച്ചു.

ആ തോപ്പിലെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍
നീ മാഞ്ഞു പോയിരുന്നു.
കാവല്‍ക്കാര്‍ കൂട്ടമായി വന്നെന്നെ അടിച്ചു മുറിവേല്‍പ്പിച്ചു
എന്റെ മൂടുപടം വലിച്ചുകീറി
ഞാന്‍ കരഞ്ഞില്ല

അവര്‍ പോയപ്പോള്‍ ഞാനറിഞ്ഞു
അവിടെ മുന്തിരിവള്ളികലില്ല
മാതള നാരകങ്ങലില്ല
അതൊരു ഗ്രാമവുമല്ല
ഒന്നും എന്നെ വേദനിപ്പിച്ചില്ല
പക്ഷെ നീ നിറവ്ഏറ്റാതെ പോയ വാഗ്ദാനം
എന്നെ കരയിക്കുന്നു: ഇന്നും എപ്പൊഴും!
ഈ പാമ്പിന്‍ പുറ്റ്കള്‍ക്കിടയില്‍
നിന്റെ പ്രണയം നീ തരുന്നതും കാത്തു
ഇന്നും ഞാന്‍ തപസ്സിരിക്കുന്നു...

Thursday, January 28, 2010

പെണ്മ

കനത്ത കണ്ണടക്കുള്ളിലെ നീണ്ട മിഴികള്‍
കരി മഷി കൊണ്ട് കരയിട്ടു
തെല്ലൊരു നനവോടെ
നിന്നെ നോക്കുന്നു...
നീ അറിഞ്ഞതേയില്ല. അറിയുന്നുമില്ല.
എന്റെ കൊലുസിന്റെ ശബ്ദം
നിന്റെ കാത്‌കളില്‍വന്നലച്ചതെയില്ല.

നിന്റെ നായികാ സങ്കല്‍പ്പങ്ങള്‍
നീണ്ട മുടി നാരുകളും ചുവപ്പ് പരന്ന
ചുണ്ടുകളും വടിവാര്‍ന്ന പുരികക്കൊടികളും തേടി നീണ്ടു പോയപ്പോള്‍
എന്റെ ചുരുള്‍ മുടിയിഴകളും , നിറം മങ്ങിയ അധരങ്ങളും,
പിന്നെ കനത്ത പുരികങ്ങളും വേദനിച്ചിരുന്നു.

ആയിരം പാട്ടുകള്‍ നിനക്കായി മൂളിയപ്പോള്‍
നിന്റെ കാതിനുള്ളിളിരുന്നാരോ
ആര്‍ക്കോ വേണ്ടി പാടുകയായിരുന്നു.

ഒടുവില്‍ എന്റെ ഹൃദയം നിനക്കായി നുറുങ്ങി വീണപ്പോള്‍
ആ മിടിപ്പുകളും നീ കേട്ടതില്ല
അപ്പോള്‍ നീ പപ്പടം പൊടിച്ചു ചേര്‍ത്ത് ചോറ് ഉണ്നുകയായിരുന്നല്ലോ!!!

പ്രണയം

"ആഴി പോലെ അഗാധവും ആകാശം പോലെ അനന്തവുമാണ്
എന്റെ പ്രണയം"
നീ അങ്ങനെ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

സൂര്യന്റെ താപവും നിലാവിന്റെ കുളിര്‍മയും
കാറ്റിന്റെ തന്റേടവും വേണം പ്രണയത്തിന്.

കണ്ണില്‍ ഞാന്‍ കത്തി നില്‍ക്കുമ്പോഴും
നീ പരിഭവപ്പെടനം ഞാന്‍ നിന്നെ
കാണുന്നില്ല എന്ന്.

നെഞ്ചില്‍ ഞാനെരിഞ്ഞു നില്‍ക്കുമ്പോള്‍
നീ വിതുംബണം ഞാന്‍ ഇനിയും
അകലെയാണെന്ന്.

നിന്നില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കവേ
കാതില്‍ നീ വീണ്ടും പറയണം
ഞാന്‍ നിനക്കൊരു പുതുമയാണെന്ന്.

എന്റെ നെറ്റിയില്‍ വിയര്‍പ്പു പൊടിക്ക്ന്ന
വെയില്നാളങ്ങളെ,
എന്റെ മുടിതുംബുരുംമി നടക്കുന്ന തെന്നല്‍ക്കുരുന്നിനെ,
ജനല്പ്പാളിയില്‍ തട്ടി എന്നെ പുനരുവാനോടിയെതുന്ന മഴതുള്ളി മുത്തുകളെ
എല്ലാം നീ വെറുക്കണം.

ഇവയാണെന്റെ കല്പനകള്‍...
വെറും കല്പനകള്‍!!!!