Wednesday, March 24, 2010

ഹാപ്പി എന്ടിങ്ങ്സ്

ഓരോ പെണ്‍കുട്ടിയും അടിമയാവാന്‍ കൊതിക്കുന്നു
അഗോചരമായ ഒരു ചങ്ങല കൊണ്ട്
ബന്ധിതയാവാന്‍ മോഹിക്കുന്നു-
സ്നേഹത്തിന്റെ, പ്രണയത്തിന്റെ ചങ്ങല കൊണ്ട്!

തിരഞ്ഞെടുക്കപ്പെടുന്നവനെ അവള്‍ ആരാധിച്ചു തുടങ്ങുന്നു
അവന്റെ ത്യാഗത്തെ, സ്തൈര്യത്തെ, കുസൃതിയെ
ക്രിസ്തുവിനോടും നബിയോടും കൃഷ്ണനോടും ഉപമിച്ചു തുടങ്ങുന്നു.
ജീവിതത്തിനു മയില്‍‌പീലി ചാലിച്ച് നിറം കൊടുക്കുന്നു
താനേറ്റവും ഭാഗ്യം ചെയ്തവളെന്നു വിളിച്ചു പറയുന്നു.

ഒരു പരിക്രമണത്തിനൊടുവില്‍ ജീവിതം അലക്കി വെളുക്കുമ്പോള്‍
തിരിച്ചരിയലുകള്‍ തുടങ്ങുകയായി
കറുപ്പും വെളുപ്പും കലര്‍ന്ന കള്ളികളില്‍
കുറ്റങ്ങള്‍ നിരത്തി കളി തുടങ്ങുന്നു
ഒന്നുങ്കില്‍
തോറ്റു തോറ്റു തോറ്റു ഒടുവില്‍ അവള്‍ കളി ജയിക്കുന്നു
അല്ലെങ്കില്‍
ജയിച്ചു ജയിച്ചു ഒടുവില്‍ തോറ്റു തൊപ്പിയിടുന്നു
ഇനിയതുമല്ലെങ്കില്‍
മറ്റുള്ളവര്‍ അവളെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നു.

Sunday, March 7, 2010

ഉറക്കെ ഒരു ആത്മഗതം

ഭയമാണ്, ഉള്ളിലാകെ വിങ്ങി നില്‍ക്കുന്ന ഉത്കണ്ഠയാണ്,
തിരികെ വരാന്‍ കൊതിയാണ്,
പക്ഷെ ഞാനറിയുന്നു ഒന്നും പഴയതുപോലെയല്ലെന്ന്.

പച്ചപ്പായലും മുക്കൂറ്റിപ്പൂക്കളും തിങ്ങിയ
കയ്യാലകള്‍ ഇടിഞ്ഞുപോയിരിക്കുന്നു
ആ ചെരുവുകളില്‍ നിന്നും പിഴുതെടുത്ത
കുട്ടിവാളുകല്‍ കൊണ്ടുള്ള പടവെട്ടല്‍
വെറുതെ ഓര്‍മയാകുന്നു.

റബര്‍മരക്കൂട്ടങ്ങല്‍ക്കിടയിലെ കൊച്ചു കരിമ്പാറകളെ
ആനക്കുട്ടന്മാരാക്കി തെളിച്ചു രസിച്ചതും
മൂട്ടില്‍ തൊലിയുള്ള സ്ളേട്ട് പെന്‍സിലിനായി
വാശിവച്ചു കരഞ്ഞതും
കസേരക്കാലിനടിയില്‍ റബര്‍ക്കുരു വച്ച് പടക്കം പൊട്ടിച്ചതും
പേരക്കൊമ്പില്‍ നിന്ന് താഴേക്കു ചാടിയപ്പോള്‍
ഉടുപ്പ്‌ കുരുങ്ങി ഗരുഡന്‍ തൂക്കം നടത്തിയതുമൊക്കെ
പച്ചപിടിച്ചു നില്‍ക്കുന്നു-
ഒട്ടനേകം വീഴ്ചകളില്‍ മുട്ടു മുറിഞ്ഞോലിച്ച
ചോരയുടെ മണത്തോടെ ...

വേലിക്കെട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങല്‍ക്കിടയിലേക്ക്
പവര്‍ കട്ട് കനിഞ്ഞേകിയ ഇരുളിന്റെ മറവില്‍
നീ സൂക്ഷ്മതയോടെ എറിഞ്ഞു തന്ന കുപ്പിവളകള്‍
ഒരിക്കല്‍ പോലും ഉടഞ്ഞിരുന്നില്ല
പക്ഷെ എന്റെ സ്വപ്നങ്ങളും ജീവിതം തന്നെയും
എണ്ണിയാലൊടുങ്ങാത്ത തരികളായി ചിന്നിച്ചിതറിപ്പോയല്ലോ
ഇന്ന് ഞാന്‍ തിരികെ വരുമ്പോള്‍ നിന്റെ കുഞ്ഞിനു
പറഞ്ഞു കൊടുക്കാന്‍ കഥകളൊന്നും ബാക്കിയില്ല
കാരണം ആ റബര്‍ മരക്കൂട്ടങ്ങള്‍ പോലും മുറിച്ചു മാറ്റപ്പെട്ടല്ലോ...

ബാക്കിയുള്ളത് ഓര്‍മകളാണ്
മഷിത്തന്ടിന്റെയും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും
ഇലമുളച്ചിയുടെയും ചോരതുള്ളികളുടെയും
നിറവും ഗന്ധവും കലര്‍ന്ന,
കരിയിലപ്പുറത്തു മഴ പതിച്ചു നല്‍കിയ
ശ്രവണസുഖത്തിന്റെയും
അമ്പാറ്റ സ്നേഹത്തോടെ വിളമ്പിതന്ന
കപ്പയുടെയും മുളക് ചമ്മന്തിയുടെയും രുചിയുള്ള
ഓര്‍മ്മകള്‍- അത് കചിക്കൂനകളിലെ
സാറ്റ്കളികളെ തുടരുന്ന ചൊറിചിലുകളായി മനസ്സില്‍
തിണിര്‍ത് നീറി ക്കിടക്കുന്നു.

എനിക്ക് ഭയമാണ്-
മിച്ചമുള്ള എന്നെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന്
അനുവാദം വാങ്ങാനാണ് ഞാന്‍ വരുന്നത്
ഓര്‍മകളില്‍ ജീവിച്ചു ഓര്‍മകളില്‍ മരിക്കുവാന്‍...

Saturday, March 6, 2010

വിശന്നപ്പോള്‍ എന്റെ ജീവന്‍ ഞാന്‍ നിനക്ക് തന്നു
അപ്പം പുളിച്ചതെന്നു പറഞ്ഞു പാതി നീ ചവച്ചു തുപ്പി.
നിനക്ക് ദാഹിച്ചപ്പോള്‍ എന്റെ ജീവരക്തം പകര്‍ന്നു തന്നു
ചില്ലുപാത്രത്തിനു മങ്ങല്‍ വന്നത് തിരിച്ചറിഞ്ഞ നാള്‍
നീയത് നിഷ്കരുണം എറിഞ്ഞുടച്ചു
പ്രിയനേ....
അപ്പോഴും ബാകിയായിരുന്ന മുന്തിരിച്ചാര്‍ നീ കണ്ടതേയില്ലല്ലോ.