Tuesday, March 12, 2013

ഒരു പ്രണയദിനത്തിന്‍റെ  നഷ്ടം 


കുഞ്ഞുനക്ഷത്രമേ
നിന്‍റെയച്ഛന്‍റെ  കൈക്കുമ്പിളില്‍
എന്‍റെ  ഹൃദയം  വിതുമ്പുമ്പോഴും
നീ എന്നില്‍ തുടിച്ചിരുന്നു .

സ്നേഹസാഫല്യമേ
നിന്‍റെ  ജീവന്‍ യാചിക്കാനാവാതെ
ഉള്ളുരുകി അമ്മ മെഴുകുതുള്ളിയായടര്‍ന്നത്‌
നീയറിഞ്ഞുവോ?

മരുന്നുഗന്ധങ്ങള്‍ക്കിടയില്‍  പ്രതീക്ഷയറ്റ്
നിന്‍റെ  പിറവിപോലുമറിയാതെ
ഞാനൊരു ശവമായുറങ്ങുമ്പോള്‍
മുറികള്‍ക്കപ്പുറം  ആദിയറിയാതെ
നീ കരഞ്ഞു തളര്‍ന്നുവോ ?

എന്‍റെ നോവിന്‍റെ  പുഷ്പമേ
വാത്സല്യം  ചുരത്താന്‍ കൊതിച്ച  നെഞ്ചില്‍
ഒടുങ്ങാത്ത നൊമ്പരമായ്‌ നീ
മിഴിയടച്ചകന്നപ്പോള്‍
ഒരു പിടി പൂക്കള്‍ നിനക്ക് നല്‍കാനാവാതെ
നീയൊന്നിച്ചു  ഞാന്‍ കണ്ട മാമ്പഴക്കാലത്തെ
ശപിച്ചു ഞാന്‍  തളര്‍ന്നു .

ഇനിയുള്ള  ഓരോ പ്രണയദിനത്തിലും
തീരാത്ത വ്യഥയായ്‌  തേങ്ങലായ്
നീയൊഴുകിയെത്തും
നിനക്കായ്‌  കരുതിയ  താരാട്ടുപാട്ടുകള്‍
അപ്പോഴും തൊണ്ടയില്‍ കുരുങ്ങിനില്‍ക്കും

എന്‍റെ വസന്തമേ
മേഘങ്ങളുടെ തേരില്‍ നീയകന്നു പോകുമ്പോഴും
അകലെ പ്രകാശമായ് ജ്വലിക്കുമ്പോഴും
എന്‍റെ  വാത്സല്യം  നിന്നെ ചെപ്പിലടക്കും
എന്‍റെ  കണ്ണുനീര്‍  വീണു  നീയെന്‍റെ  മുത്തായി  മാറുവാന്‍
എപ്പൊഴുമെന്‍റെ ഹൃദയം  കാതോര്‍ത്തിരിക്കും
നിനക്കാവാതെ പോയൊരാ  വിളിയൊന്നു  കേള്‍ക്കുവാന്‍ ...


                                                                                                                05. 03 2013 

5 comments:

  1. നല്ല കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് 
    ചെയ്യാൻ ശ്രദ്ധിക്കൂ.

    ശുഭാശംസകൾ...

    ReplyDelete
  2. കൊള്ളാം, ഇനിയും എഴുതുക... ആശംസകള്‍!

    ReplyDelete
  3. കുഞ്ഞുനക്ഷത്രമേ

    കൊള്ളാം കേട്ടോ

    (ഈ വേര്‍ഡ് വെരിഫികേഷന്‍ ഡിസേബിള്‍ ചെയ്യൂ)

    ReplyDelete
  4. In memory of Antony who was born but lost.

    ReplyDelete
  5. നന്നായിട്ടുണ്ട്! :)

    ReplyDelete