Wednesday, August 7, 2013


ഒരായിരം ചുംബനങ്ങൾ കൊണ്ട്  നിന്റെ
പ്രാണനെ ജ്വലിപ്പിച്ചവൾ ഞാൻ
കാണാമറയത്താവുമ്പോൾ  തിരപോലെ
മിഴിനീരൊഴുക്കിത്തേങ്ങിയൊതുങ്ങിയോൾ
പ്രണയം തളിർക്കുമ്പോൾ  ഉടലാകെ-
യമൃതം പകർന്നൊരേയുടലായുറങ്ങിയോൾ
നാവിന്നു നാദമായോൾ , കാതിന്നീണമായോൾ
ചിരിക്കു താളമായവൾ , കണ്ണീരിന്നുപ്പായവൾ.

എങ്കിലും അറിഞ്ഞതേയില്ല ...

ചുട്ടുപഴുത്ത നിന്റെ നെറുകയിലേക്ക്
ഓമനത്തമിറ്റുന്ന  ഒരുമ്മയടർന്നപ്പോൾ ,
ചുളിയാൻ തുടങ്ങുന്ന വിരലുകൾ
നിന്റെ കവിളുകളിൽ തൂവലായുരുമ്മുമ്പോൾ
ഏതോ താരാട്ടുപാട്ടിന്റെ, എനിക്കറിയാത്ത,
ഈണത്തിലലിഞ്ഞ് ഒരു കുഞ്ഞു മത്സ്യമായ്
വാത്സല്യത്തിന്റെ  ഇളം ചൂടുമേറ്റാ
ജലാശയത്തിൽ നീ  വിരലുണ്ടുറങ്ങുന്നുവോ?

അസ്ഥിത്വം നഷ്‌ടമായ എന്റെ കണ്ണിൽ
വിഹ്വലതകൾ നിറയുമ്പോൾ
കരഞ്ഞു കരഞ്ഞു പിന്നെ പൊട്ടിച്ചിരിച്ചുകൊണ്ടേതോ
പ്രേതക്കാഴ്ചയിലേക്ക് ഞാൻ അകന്നു പോകുന്നു! 

4 comments:

  1. എങ്കിലും അറിഞ്ഞതേയില്ല!!
    ഇനിയും അധികം എഴുതുക
    ആശംസകള്‍

    ReplyDelete
  2. thank uuuuuuuuuuuuuuuuuuuuuuuuuuuuu

    ReplyDelete