Tuesday, December 29, 2009

ശങ്ഖ്

ഇഡ്ഡലി വാങ്ങാന്‍ കൊടുത്ത പൈസക്ക് പകരം ഹൃദയത്തില്‍ തുളയുള്ള
ഒരു കൊച്ചു ശങ്ഖ് തന്നു ആദിത്യന്‍
ധനുശ്കൊടിയിലെ കറുത്ത് മെലിഞ്ഞ കുട്ടി

എന്റെ മേശപ്പുറത്തു അതൊരു പേപ്പര്‍ വെയിറ്റ് ആയിട്ടിരുന്നു.
അതിന്റെ നെഞ്ചിലെ തുള അവന്‍ പറഞ്ഞ കള്ളത്തെ ഓര്‍മിപ്പിച്ചു
ആരോ കോര്‍ത്ത മാലയില്‍ നിന്ന് അടര്‍ന്നു പോന്നതായിരുന്നു അത്
ചിലപ്പോള്‍ ഇഡ്ഡലി ക്ക് വേണ്ടി അടര്‍ത്തി മാറ്റിയതാവും
ഒഴുകിയടിഞ്ഞതല്ല അത്...കള്ളന്‍...ആദിത്യന്‍...

ആരുടെയോ വാതിലിനു കര്‍ട്ടന്‍ ആയിരുന്ന മാലകളില്‍ ഒന്നാവാം അത്
ചെവിയോടു ചേര്‍ക്കുമ്പോള്‍ കടലിരമ്പുന്ന ശങ്ഖു!
അതിന്റെ ഹൃദയത്തിലെ ദ്വാരം ഇപ്പോള്‍ എന്നെ ഓര്‍മിപ്പിക്കുന്നത്‌
ആദിത്യന്റെ നിര്‍ദോഷമായ നുണയല്ല
എന്റെ തന്നെ വരും കാലത്തെയാണ്

ഉള്ളിലെ കടലിരംബതിനു കാതോര്‍ക്കാന്‍ മെനക്കെടാതെ
സിന്ദൂരം കൊണ്ടൊരു ചിത്രപ്പണി ചെയ്തു
ഞാനും ആരുടെയോ വാതില്‍പ്പടിയില്‍ അലങ്കാരമാകും.

1 comment: